കൊല്ലം: കേരള സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ജില്ലയിൽ ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ സർക്കാർ സാമ്ബത്തിക സഹായത്തോടെയുള്ള പരിശീലന പദ്ധതികൾക്ക് തുടക്കമാകുന്നു.

ആറുമാസം കാലാവധിയുള്ള അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ജി ഐ എസ്/ജി പി എസ് പരിശീലന പരിപാടിയിൽ ബിടെക് സിവിൽ, ഡിപ്ലോമ സിവിൽ, ബി എസ് സി ബിരുദധാരികൾ, ജ്യോഗ്രഫി,ജിയോളജി ബിരുദധാരികൾ എന്നിവർക്ക് അപേക്ഷിക്കാം.

മൂന്നുമാസം ദൈർഘ്യമുള്ള അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ -ഹൗസ് കീപ്പിംഗിൽ എട്ടാം ക്ലാസ്സു യോഗ്യതയുള്ളവർക്കപേക്ഷിക്കാം. സ്ത്രീ ശാക്തീകരണ യജ്ഞത്തിന്റെ ഭാഗമായുള്ള ഈ സർക്കാർ പരിശീലന പരിപാടിയിൽ ഈ യോഗ്യതയുള്ള പെൺകുട്ടികൾ മാത്രമാണ് അപേക്ഷിക്കേണ്ടത്.

കുടുംബത്തിന്റെ മൊത്ത വാർഷിക വരുമാനം അഞ്ചുലക്ഷത്തിൽ താഴെയുള്ളവർ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ /പട്ടിക ജാതി /പട്ടിക വർഗ/ഒബിസി വിഭാഗത്തിൽ പെടുന്നവർ, കോവിഡ് മഹാമാരി നിമിത്തം ജോലി നഷ്ടപ്പെട്ട വിഭാഗത്തിലുള്ളവർ (ജോലി നഷ്ടപ്പെട്ടതിന്റെ തെളിവ് ഹാജരാക്കണം), ഒരു രക്ഷിതാവ് മാത്രമുള്ള അപേക്ഷക, ദിവ്യാങ്കരുടെ അമ്മമാർ, വിധവ, ഒരു പെൺകുട്ടി മാത്രമുള്ള അമ്മമാർ എന്നീ വിഭാഗത്തിൽ പെടുന്നവർക്കാണ് ഫീസ് ആനുകൂല്യം ലഭിക്കുക.

തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥിനികൾക്ക് ആറു മാസത്തേക്കുള്ള താമസം , പഠനം ,ഭക്ഷണ സൗകര്യങ്ങളും ഐ ഐ ഐ സി ഒരുക്കും . മൊത്തം ഫീസിന്റെ പത്തു ശതമാനം തുക മാത്രമായിരിക്കും ഓരോ വിദ്യാർത്ഥിനിയും അടക്കേണ്ടി വരിക. ഇരുപത് സീറ്റിലേക്കാണ് പ്രവേശനം. ഏതൊരു മേഖലയിലും അത്യന്താപേക്ഷിതമായ അത്യാധുനിക സാങ്കേതിക വിദ്യയായ ജി ഐ എസ് പഠനത്തിലൂടെ നൂറു ശതമാനം തൊഴിൽ സാധ്യതയാണ് പ്രതീക്ഷിക്കുന്നത്.

തൊഴിൽ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ മുൻ വർഷങ്ങളിൽ ജി ഐ എസ് , ഹൗസ് കീപ്പിംഗ് കോഴ്സുകളിൽ പരിശീലനം നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും തൊഴിൽ ലഭിച്ചിരുന്നു.

ഇതോടൊപ്പമുള്ള ജനറൽ വിഭാഗത്തിലെ സീറ്റുകളിൽ ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ അപേക്ഷിക്കാം. ജനറൽ വിഭാഗത്തിലെ അപേക്ഷകർ മുഴുവൻ ഫീസും അടച്ചു പഠിക്കണം. കോഴ്‌സിന്റെ വിശദ വിവരങ്ങൾക്ക് 8078980000 ൽ ബന്ധപ്പെടുക. അവസാന തീയതി മെയ് 16. വെബ്‌സൈറ്റ് : https://www.iiic.ac.in