അറിയാം ബിരുദ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പിനെക്കുറിച്ച്

Advertisement

കേരളത്തിലെ സർവകലാശാലകളോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ / എയ്ഡഡ് ആർട്‌സ് & സയൻസ് / ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജുകളിൽ ഈ വർഷം എയ്ഡഡ് ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനം നേടി, സയൻസ് / സോഷ്യൽ സയൻസ് / ഹ്യൂമാനിറ്റീസ് / ബിസിനസ് സ്‌റ്റഡീസ് വിഷയങ്ങൾ പഠിക്കുന്ന സമർഥരായ ഒന്നാം വർഷ വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ 2022–23 വർഷത്തെ സ്‌കോളർഷിപ്പിനു മാർച്ച് 10 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രഫഷനൽ കോഴ്സുകൾക്കും സ്വാശ്രയ കോഴ്സുകൾക്കും പഠിക്കുന്നവർ അപേക്ഷിക്കേണ്ട.

ആകെ 1000 സ്‌കോളർഷിപ്പുകളുണ്ട്. ജനറൽ 50%, പട്ടികവിഭാഗം 10%, പിന്നാക്കം 27%, ബിപിഎൽ 10%, ഭിന്നശേഷിക്കാർ 3% എന്നിങ്ങനെയാണ് വകയിരുത്തിയിരിക്കുന്നത്. ഓരോ സർവകലാശാലയിലും ഓരോ സ്ട്രീമിലും അനുവദിച്ചിട്ടുള്ള ആകെ സീറ്റുകൾക്ക് ആനുപാതികമായാകും 1000 സ്കോളർഷിപ്പുകൾ വീതിക്കുക. ബാച്‌ലർ ബിരുദപഠനത്തിന്റെ 3 വർഷങ്ങളിൽ യഥാക്രമം 12,000 / 18,000 / 24,000 രൂപ പ്രതിവർഷം ലഭിക്കും. തുടർന്ന് പിജി തലത്തിലെ 2 വർഷം യഥാക്രമം 40,000 / 60,000 രൂപയും. ഈ തുകകൾ പരിഷ്കരിച്ചേക്കാം. 40% എങ്കിലും ശാരീരികപരിമിതിയുള്ളവർക്ക് 25% കൂടുതൽ തുക ലഭിക്കും.

ഫീസ് ആനുകൂല്യം, പട്ടികവിഭാഗക്കാർക്കുള്ള ലംപ്സം ഗ്രാന്റ്, കോളജ് വിദ്യാഭ്യാസ ഡയറക്ടർ നൽകുന്ന ഹിന്ദി സ്കോളർഷിപ് എന്നിവയല്ലാതെ, ഏതെങ്കിലും സ്കോളർഷിപ് വാങ്ങുന്നവർക്ക് ഈ സ്കോളർഷിപ് ലഭിക്കില്ല.

www.kshec.kerala.gov.in എന്ന സൈറ്റിലെ Activities – Ongoing – Scholarship ലിങ്കുകൾവഴി പോയാൽ പൂർണവിവരങ്ങൾ ലഭിക്കും. scholarship.kshec.kerala.gov.in എന്ന സൈറ്റിലെ Apply Scholarship – New Registration ലിങ്കുകൾവഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.

റജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റ്, വിശദ വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള രേഖകൾ ചേർത്ത് മാർച്ച് 17ന് അകം പ്രിൻസിപ്പലിനു സമർപ്പിക്കുക. പഠനത്തിൽ തൃപ്തികരമായ പുരോഗതി നിലനിർത്തുന്നവർക്ക് 3 വർഷത്തെ ബാച്‌ലർ ബിരുദപഠനത്തിനും, തുടർന്ന് 2 വർഷത്തെ പിജി ബിരുദപഠനത്തിനും സഹായം ലഭിക്കും. വിദ്യാർഥിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഉന്നതവിദ്യാഭ്യാസ കൗൺസിൽ സ്കോളർഷിപ് തുക നേരിട്ടു അടയ്ക്കും.

സംശയനിവാരണത്തിന് ഫോൺ: 0471–2301297

Advertisement