മുംബൈ: ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ചെലവില്‍ വന്‍ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്. 30.1 ശതമാനം വര്‍ദ്ധിച്ച് 154.137 കോടിരൂപയാണ് 2022 മെയ് മാസം വരെയുള്ള കണക്കുകള്‍ പ്രകാരം ക്രെഡിറ്റ് കാര്‍ഡിലൂടെ മാത്രം ചെലവിട്ടിരിക്കുന്നത്. പേഴ്‌സണല്‍ വായ്പ ഇനത്തില്‍ ആണ് ഇത്രയും വലിയ തുക ചെലവിട്ടിരിക്കുന്നതും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം ഇതേ സമയം 14.3ശതമാനമായിരുന്നു ക്രെഡിറ്റ് കാര്‍ഡ് വഴി ചെലവാക്കിയിരുന്നത്. അതായത് 118,512 കോടി രൂപ,

ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള പ്രതിമാസ ചെലവ് ഒരു ലക്ഷം കോടിയാണെന്നാണ് റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മെയിലെ ക്രെഡിറ്റ് കാര്‍ഡ് ചെലവ് 1.13 ലക്ഷം കോടിയായി. ഏപ്രിലില്‍ ഇത് 1.05 ലക്ഷം കോടിയും മാര്‍ച്ചില്‍ 1.07 ലക്ഷം കോടിയും ആയിരുന്നു. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഓരോ മാസത്തെയും ചെലവ് ഇരട്ടിയായിട്ടുണ്ട്.

2021 ഏപ്രിലില്‍ ക്രെഡിറ്റ് കാര്‍ഡ് ചെലവ് 59,000 കോടിയായിരുന്നു. 2020 ഏപ്രിലിലാകട്ടെ 20,765 കോടിയുമായിരുന്നു. രാജ്യത്ത് കോവിഡ് വ്യാപിച്ചതോടെ ഉപഭോഗരംഗത്ത് വന്‍ ഇടിവുണ്ടായതാണ് ഇതിന് കാരണമെന്ന് വിലയിരുത്തുന്നു. 2022ല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപഭോഗത്തില്‍ വന്‍ കുതിച്ച് കയറ്റമുണ്ടായത് സമ്പദ് ഘടനയുടെ തിരിച്ച് വരവ് കൊണ്ടാണെന്നും വിലയിരുത്തുന്നു. ഉപഭോക്തൃ ചെലവ് വര്‍ദ്ധിച്ചതോടെ ചില്ലറ വില്‍പ്പന വില വന്‍തോതില്‍ കുതിച്ചുയര്‍ന്നു.

നേരിട്ടുള്ള കച്ചവട കേന്ദ്രങ്ങളിലാണ് ക്രെഡിറ്റ് കാര്‍ഡ് ഉപഭോഗത്തിന്റെ നാല്‍പ്പത് ശതമാനവും. ഓണ്‍ലൈന്‍ വാങ്ങലുകള്‍ക്കായി അറുപത് ശതമാനവും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നു. ഡെബിറ്റ് കാര്‍ഡ് വഴിയുള്ള ചെലവാക്കല്‍2022 ഏപ്രിലില്‍ 65,062 കോടിയായിരുന്നു. മാര്‍ച്ചിലിത് 64,052 കോടിയും.

എടിഎം വഴിയുള്ള പണം പിന്‍വലിക്കല്‍ 2022 ഏപ്രിലില്‍ 2.85 ലക്ഷം കോടിയായിരുന്നു. അതേസമയം ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ 303 കോടിയും. 2022 ഏപ്രിലിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 7.52 കോടി ക്രെഡിറ്റ് കാര്‍ഡുകളാണ് ഉള്ളത്. ഡെബിറ്റ് കാര്‍ഡുകളുടെ എണ്ണമാകട്ടെ 92 കോടിയും. റുപ്പി അടിസ്ഥാനമാക്കിയുള്ള ക്രെഡിറ്റ് കാര്‍ഡുകളില്‍ യുപിഐ സൗകര്യവും ലഭ്യമാക്കിയതോടെ ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ചെലവഴിക്കല്‍ ഇനിയും വര്‍ദ്ധിക്കുമെന്നാണ് സൂചന.