തമിഴ് സിനിമാ നിര്‍മാതാക്കളുടെ വീടുകളില്‍ആദായനികുതി വകുപ്പിന്റെ റെയ്ഡ്

ചെന്നൈ: തമിഴ് സിനിമാ നിര്‍മാതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതിവകുപ്പിന്റെ റെയ്ഡില്‍ 200 കോടിയിലേറെ രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി. മിന്നല്‍ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 26 കോടി രൂപയും മൂന്നുകോടിയുടെ സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തുവെന്ന് ആദായനികുതിവകുപ്പ് അറിയിച്ചു.
നിര്‍മാതാക്കളായ അന്‍പുചെഴിയന്‍, കലൈപുലി എസ്. താണു, ടി.ജി. ത്യാഗരാജന്‍, എസ്.ആര്‍. പ്രഭു, കെ.ഇ. ജ്ഞാനവേല്‍രാജ, എസ്. ലക്ഷ്മണകുമാര്‍ എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്. നിര്‍മാതാക്കളുമായി ബന്ധമുള്ള വിതരണക്കാരുടെ സ്ഥലങ്ങളിലും പരിശോധനയുണ്ടായി. തുടര്‍ന്ന് ചെന്നൈ, മധുരൈ, കൊയമ്പത്തൂര്‍, വെള്ളൂര്‍ തുടങ്ങി 40 ല്‍ അധികം സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. സിനിമയില്‍നിന്ന് ലഭിച്ച വരുമാനം കുറച്ചുകാണിച്ചതിന്റെ രേഖകള്‍ പരിശോധനയില്‍ കണ്ടെത്തി. വിതരണക്കാര്‍ തിയേറ്ററുകളില്‍നിന്ന് ലഭിച്ച വരുമാനം കുറച്ചുകാണിച്ചതിന്റെ രേഖകളും കണ്ടെടുത്തു. പ്രൊഡക്ഷന്‍ ഹൗസുകളുടെ കാര്യത്തില്‍, സിനിമകളുടെ വില്‍പ്പനയില്‍ നിന്നുള്ള യഥാര്‍ത്ഥ തുക വെളിപ്പെടുത്തിയ തുകയേക്കാള്‍ വളരെ കൂടുതലാണ്. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ നികുതി വെട്ടിപ്പിന് സാധ്യതയുള്ളതായി സൂചനയുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Advertisement