ശീതള പാനീയമായ സ്പ്രൈറ്റിനെക്കുറിച്ച് പറയുമ്പോള്‍ നമുക്ക് ആദ്യം ഓര്‍മ്മ വരിക ആ പച്ച പ്ലാസ്റ്റിക് കുപ്പിയാണെങ്കില്‍ ഇനി അത് പിന്‍വലിക്കാനൊരുങ്ങുകയാണ് കമ്പനി. 60 വര്‍ഷത്തിലേറെയായി ഉപയോഗത്തിലുള്ള പച്ചക്കുപ്പികള്‍ മാറ്റാനാണ് കൊക്കോകോള കമ്പനിയുടെ തീരുമാനം. ഇനിമുതല്‍ സുതാര്യമായ പ്ലാസ്റ്റിക് ബോട്ടിലുകളാവും സ്പ്രൈറ്റ് പാക്ക് ചെയ്യാനായി ഉപയോഗിക്കുക. പ്രസ്താവനയിലൂടെയാണ് കൊക്കകോള കമ്പനി ഈ വിവരം പുറത്ത് വിട്ടത്.
പ്ലാസ്റ്റിക് പുനരുപയോഗം ചെയ്യുന്നതിനുള്ള വ്യവസ്ഥിതിക്ക് ഊര്‍ജ്ജം പകരുന്നതിനാണ് ഈ തീരുമാനം. കുപ്പിയുടെ പുതിയ ഡിസൈന്‍ നാളെ പുറത്തിറക്കും. പോളിയെത്തിലീന്‍ ടെറഫ്താലേറ്റ് കൊണ്ടാണ് നിലവിലുള്ള പച്ച കുപ്പി നിര്‍മ്മിച്ചിരിക്കുന്നത്. ഇത് പലപ്പോഴും ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉത്പന്നമാക്കി പരിവര്‍ത്തനം ചെയ്യാനാകുന്നതാണ്. എന്നാല്‍ പുതുതായി എത്തുന്ന സുതാര്യമായ കുപ്പികളിലുള്ള ക്ലിയര്‍ പ്ലാസ്റ്റിക് പുനരുപയോഗിക്കുന്നത് വളരെ എളുപ്പമാണ്.
ഇവ പുനഃചംക്രമണം ചെയ്യുമ്പോള്‍ വീണ്ടും കുപ്പികളാക്കി പുനര്‍നിര്‍മ്മിക്കാന്‍ കഴിയുകയും ചെയ്യും. എന്നാല്‍ സുതാര്യമായ ബോട്ടിലില്‍ സ്പ്രൈറ്റ് വരുമ്പോഴും പച്ച നിറത്തിലാവും അതിലെ പേരും മറ്റു വിവരങ്ങളും നല്‍കുന്നത്. എന്നാല്‍ ലോഗോയ്ക്ക് മാറ്റമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കയില്‍ 1961ലാണ് ആദ്യമായി സ്പ്രൈറ്റ് വിപണിയിലിറങ്ങുന്നത്. നാരങ്ങയുടെ ഫ്ളേവറില്‍ ഇറങ്ങിയ സ്പ്രൈറ്റ് അന്ന് മുതല്‍ക്കേ പച്ച നിറത്തിലാണ് പായ്ക്ക് ചെയ്യുന്നത്. എന്നാല്‍ ചില രാജ്യങ്ങളില്‍ ചെറി, ഷുഗര്‍ ഫ്രീ തുടങ്ങിയ രുചികളില്‍ ക്ലിയര്‍ പ്ലാസ്റ്റിക് കുപ്പികളിലാണ് സ്പ്രൈറ്റ് വില്‍പ്പനയ്ക്കെത്തുന്നത്.