ന്യൂഡൽഹി: രാജ്യത്ത് ഇലക്‌ട്രിക് വാഹനങ്ങളിലെ തീപിടി്ത്തങ്ങൾ വർധിക്കുന്നതിന് കാരണം വാഹനങ്ങളുടെ ബാറ്ററികളിലെ സുരക്ഷാ സംവിധാനത്തിലെ പിഴവുകൾ മൂലമാണെന്ന് റിപ്പോർട്ട്.
കേന്ദ്ര ഗതാഗത-ഹൈവേ മന്ത്രാലയം രൂപീകരിച്ച വിദഗ്ധ സമിതിയാണ് ഇത് സംബന്ധിച്ച്‌ റിപ്പോർട്ട് സമർപ്പിച്ചത്. വൈദ്യുത ഇരുചക്രവാഹന നിർമ്മാതാക്കൾ ഉപഭോക്താവിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് പകരം ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും വണ്ടികളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനുമായി നിർമ്മാണത്തിൽ ക്രമക്കേടുകൾ കാണിച്ചതാണ് അപകടത്തിന് കാരണമായതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

അതേസമയം, ഏതെങ്കിലും കമ്പനി തങ്ങളുടെ നിർമ്മാണ പ്രക്രിയകളിൽ ക്രമക്കേട് കാണിക്കുന്നതായി കണ്ടെത്തിയാൽ, കനത്ത പിഴ ചുമത്തുകയും തകരാറുള്ള എല്ലാ വാഹനങ്ങളും തിരിച്ചുവിളിക്കാൻ ഉത്തരവിടുകയും ചെയ്യുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഇലക്‌ട്രിക് വാഹന നിർമ്മാതാക്കൾക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇത്തരം സംഭവങ്ങളെക്കുറിച്ച്‌ അന്വേഷിക്കാനും പരിഹാര നടപടികളെക്കുറിച്ച്‌ ശുപാർശകൾ നൽകാനും ഒരു വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, വീഴ്ച വരുത്തിയ കമ്പനികൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ഇലക്‌ട്രിക് വാഹനങ്ങളുടെ ബാറ്ററി സെല്ലുകൾ അമിതമായി ചൂടാകുന്നത് തിരിച്ചറിയുന്നതിനും കേടായ ബാറ്ററി സെല്ലുകൾ വേർതിരിച്ചെടുക്കുന്നതിനും നിർമ്മാതാക്കൾ യാതൊരു സംവിധാനവും നൽകുന്നില്ലെന്നാണ് വിദഗ്ധ സമിതി കണ്ടെത്തിയത്. അതേസമയം, വാഹനങ്ങളുടെ ബാറ്ററികളിൽ ഗുരുതര തകരാറുകൾ ഉള്ളതായി ഡിഫൻസ് റിസർച്ച്‌ ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനും (ഡിആർഡിഒ) കണ്ടെത്തിയിരുന്നു. ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് തീപിടിച്ച സംഭവങ്ങൾ അന്വേഷിക്കാൻ റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയമാണ് ഡിഫൻസ് റിസർച്ച്‌ ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനെ (ഡിആർഡിഒ) ചുമതലപ്പെടുത്തിയത്.

ഒകിനാവ ഓട്ടോടെക്, പ്യൂർ ഇവി, ജിതേന്ദ്ര ഇലക്‌ട്രിക് വെഹിക്കിൾസ്, ഒല ഇലക്‌ട്രിക്, ബൂം മോട്ടോഴ്സ് തുടങ്ങിയ ഇലക്‌ട്രിക് ഇരുചക്രവാഹന നിർമ്മാതാക്കൾ ചെലവ് കുറയ്ക്കാൻ കുറഞ്ഞ ഗ്രേഡിലുള്ള മെറ്റീരിയലുകൾ ഉപയോഗിച്ചതും ഇത്തരം അപകടങ്ങൾക്ക് കാരണമായെന്ന് ഡിആർഡിഒ അന്വേഷണത്തിൽ കണ്ടെത്തി.

രാജ്യത്ത് ഇലക്‌ട്രിക് വാഹങ്ങളിലെ തീപിടിത്തം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് ലിഥിയം-അയൺ ബാറ്ററികൾക്ക് പുതിയ പ്രകടന മാനദണ്ഡങ്ങൾ പുറത്തിറക്കി. അതേസമയം, ഇലക്‌ട്രിക് വാഹനങ്ങളുടെ ബാറ്ററികളുടെ നിർമ്മാണത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്താനുളള ശ്രമങ്ങളുടെ ഭാഗമായി കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന് കീഴിലുള്ള ബിഐഎസ് ഇലക്‌ട്രോണിക് വാഹന ബാറ്ററികളുടെ പ്രകടന നിലവാരവും പ്രസിദ്ധീകരിച്ചു.

ലിഥിയം-അയൺ ട്രാക്ഷൻ ബാറ്ററി പായ്ക്കുകൾക്കും വൈദ്യുതപരമായി ഓടിക്കുന്ന റോഡ് വാഹനങ്ങളുടെ സംവിധാനങ്ങൾക്കും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഐഎസ് (IS) 17855: 2022 എന്ന പുതിയ ബിഐഎസ് സ്റ്റാൻഡേർഡ്.

അതേസമയം, രാജ്യത്ത് ഈ വർഷം ഇലക്‌ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ 162 ശതമാനം വളർച്ച ഉണ്ടായതായി കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞിരുന്നു. വർഷം തോറും ഇലക്‌ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ വർധനവ് ഉണ്ടാകുന്നതായും ഗഡ്കരി വ്യക്തമാക്കിയിരുന്നു.