ഇലക്‌ട്രിക് വാഹന രംഗത്ത് പുതിയ പദ്ധതിയുമായി ബിപിസിഎൽ

മുംബൈ: ഇലക്‌ട്രിക് വാഹനങ്ങൾ വ്യാപകമായതോടെ ഇലക്‌ട്രിക് വാഹന രംഗത്ത് പുതിയ പദ്ധതിയുമായി ബിപിസിഎൽ.100 ദേശീയ പാതകളിൽ 100 ഫാസ്റ്റ് ഇലക്‌ട്രിക് ചാർജിംഗ് ഇടനാഴികൾ ഒരുക്കാനാണ് കമ്പനിയുടെ നീക്കം.

ഇതിനായി 200 കോടിയുടെ നിക്ഷേപം നടത്തുമെന്ന് ബിപിസിഎൽ അറിയിച്ചു. ഇവിടങ്ങളിലായി 2,000 ചാർജിംഗ് സ്റ്റേഷനുകളായിരിക്കും സജ്ജീകരിക്കുക.

ചെന്നൈ-തൃച്ചി-മധുര ഹൈവേയിൽ കമ്പനി അടുത്തിടെ തങ്ങളുടെ ആദ്യത്തെ ഇവി ചാർജിംഗ് ഇടനാഴി തുറന്നിരുന്നു. അടുത്ത രണ്ട് മാസത്തിനുള്ളിൽ ദേശീയപാത 47 ന്റെ കൊച്ചി-സേലം ഭാഗത്ത് രണ്ടാമത്തെ ഇടനാഴി വരുമെന്ന് ബിപിസിഎൽ റീട്ടെയിൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ ബി എസ് രവി പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. 2023 മാർച്ചോടെ 100 ഇടനാഴികളിലായി 2,000 ഫാസ്റ്റ് ചാർജിംഗ് സ്‌റ്റേഷനുകൾ സ്ഥാപിക്കാൻ പദ്ധതിയിട്ടിരിക്കുന്നതിനാൽ ഈ സാമ്പത്തിക വർഷം ഏകദേശം 200 കോടി രൂപയുടെ നിക്ഷേപം ഞങ്ങൾ ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്നും – അദ്ദേഹം പറഞ്ഞു.

2025 സാമ്പത്തിക വർഷത്തോടെ 7,000 ഫാസ്റ്റ് ഇവി ചാർജിംഗ് സ്‌റ്റേഷനുകൾ സ്ഥാപിക്കാൻ കമ്ബനിക്ക് പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ നിക്ഷേപത്തിന്റെ വിശദാംശങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയില്ല. വിശ്രമമുറികൾ, റിഫ്രഷ്‌മെന്റുകൾ / ഫുഡ് കോർട്ട് എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെയായിരിക്കും ചാർജിംഗ് സ്‌റ്റേഷനുകൾ ഒരുക്കുക.

Advertisement