ട്രക്കിൽ കയറ്റിയ 40 ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്ക് തീപിടിച്ചു

നാസിക്: ജിതേന്ദ്ര ഇലക്‌ട്രിക് വെഹിക്കിൾസിന്റെ (EV) 40 ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്ക് തീപിടിച്ചതായി റിപ്പോർട്ട്.

ഏപ്രിൽ 11 ന് നാസികിലെ ഒരു ട്രാൻസ്‌പോർട്ട് കണ്ടെയ്‌നറിൽ കയറ്റിയ സ്‌കൂട്ടറുകൾക്കാണ് തീപിടിച്ചതെന്ന് അധികൃതരെ ഉദ്ധരിച്ച്‌ സി എൻ ബി സി ടി വി 18 റിപ്പോർട്ട് ചെയ്തു.

ജിതേന്ദ്ര ഇവി ഫാക്ടറിക്ക് സമീപമാണ് സംഭവം. സ്‌കൂട്ടറുകൾ ബം​ഗളരുവിലേക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാൽ അപകടത്തിൽ ആർക്കും തന്നെ പരിക്കേറ്റതായി റിപ്പോർട്ടില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല, അന്വേഷണം നടത്തിവരികയാണെന്ന് കമ്പനി അറിയിച്ചു.

അതേസമയം, ഏപ്രിൽ ഏഴിന്, ഒല ഇലക്‌ട്രിക്, ഒകിനാവ സ്‌കൂട്ടറുകളിൽ അടുത്തിടെയുണ്ടായ തീപിടുത്തത്തെക്കുറിച്ച്‌ വിശദീകരണം നൽകാൻ സർക്കാർ ആവശ്യപ്പെട്ടു. ഒലയുടെ ഇലക്‌ട്രിക് സ്‌കൂട്ടറിനും ഒകിനാവ ഇലക്‌ട്രിക് ബൈക്കിനും അടുത്തിടെ തീപിടിച്ചത് നിരവധി ഉപഭോക്താക്കളെ ആശങ്കയിലാക്കിയ സാഹചര്യത്തിലാണ് വിശദീകരണം തേടുന്നത്.

വിദ​ഗ്ദ്ധർ നടത്തുന്ന സ്വതന്ത്ര അന്വേഷണം പൂർത്തിയാക്കിയ ശേഷം രണ്ട് കമ്പനികളുടെയും സാങ്കേതിക ടീമുകളെ വിളിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

പ്രമുഖ ഇവി ബ്രാൻഡുകളുടെ സ്‌കൂട്ടറുകൾ പൊട്ടിത്തെറിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, ഇവി കമ്പനിയുടെ സുരക്ഷ വിഷയവും ശ്രദ്ധയിൽപെട്ടിട്ടുണ്ട്.

Advertisement