ടാറ്റ നെക്‌സോൺ, ടിയാഗോ, പഞ്ച്, സഫാരി എന്നിവയുടെ വില കൂടും

ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ എല്ലാ മോഡലുകളുടെയും വില വർധിപ്പിച്ചതായി റിപ്പോർട്ട്.

നെക്‌സോൺ , ഹാരിയർ , സഫാരി , ടിയാഗോ , പഞ്ച് , ടിഗോർ എന്നിവയുടെ എല്ലാ വേരിയന്റുകളുടെയും എക്‌സ്‌ഷോറൂം വില 3,000 രൂപയോളമാണ് കൂട്ടിയത് എന്ന് കാർ വാലെ റിപ്പോർട്ട് ചെയ്യുന്നു. ഹാരിയർ എസ്‌യുവിയുടെ വില 3,000 മുതൽ 46,600 രൂപ വരെയാണ് വർദ്ധിച്ചത്. എന്നിരുന്നാലും, അടുത്തിടെ പുറത്തിറക്കിയ ടാറ്റ കാസിരംഗ ശ്രേണിയുടെ വില മാറ്റമില്ലാതെ തുടരുന്നു. കാസിരംഗ പതിപ്പിന് കീഴിലുള്ള മോഡലുകളിൽ പഞ്ച്, നെക്‌സോൺ, ഹാരിയർ, സഫാരി എന്നിവ ഉൾപ്പെടുന്നു. ഇതുകൂടാതെ, നെക്സോൺ ഇവി യുടെ വിലയും 25,000 രൂപ വരെ വർദ്ധിപ്പിച്ചു.

വില വർദ്ധനവിന്റെ പരിധിയിൽ നിന്ന് ടാറ്റ ആൾട്രോസിനെയും കമ്പനി ഒഴിവാക്കിയിട്ടുണ്ട്. ഈ ആഴ്‍ച ടാറ്റാ മോട്ടോഴ്‍സ് ഓട്ടോമേറ്റഡ് ഗിയർബോക്‌സുമായി അൾട്രോസിനെ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു . അതിനുള്ള ബുക്കിംഗുകൾ ഈ മാസം ആദ്യം ആരംഭിച്ചു, ഇത് XT+, XZ, XZ+ വേരിയന്റുകളിൽ ലഭ്യമാകും, കഴിഞ്ഞ ആഴ്‍ച ടാറ്റ മോട്ടോഴ്‌സ് ടാറ്റ നെക്‌സോൺ എസ്‌യുവിയുടെ നാല് പുതിയ വേരിയന്റുകളും പുറത്തിറക്കിയിരുന്നു. ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ, എയർ പ്യൂരിഫയർ, ഓട്ടോ ഡിമ്മിംഗ് ഐആർവിഎം, പുതിയ റോയൽ ബ്ലൂ എക്സ്റ്റീരിയർ കളർ തുടങ്ങിയ ഫീച്ചറുകൾ ഈ വേരിയന്റുകളിൽ സജ്ജീകരിച്ചിരിക്കുന്നു.

Advertisement