ഇന്ത്യൻ എസ് യുവി പ്രേമികളുടെ ഗൃഹാതുരത്വത്തിൽ സ്ഥാനം പിടിച്ച പ്രധാന മോഡലുകളിൽ ഒന്നാണ് ടാറ്റയുടെ സിയറ.

1990കളിൽ നിരത്തുകളിലെ പ്രമാണിയായിരുന്നു ഈ വാഹനം. ഒരു പതിറ്റാണ്ടോളം നിരത്തുകളിൽ താരമായി തിളങ്ങിയ സിയറ, പിന്നീട് വിപണി വിടുന്ന വാർത്തയാണ് വാഹന പ്രേമികൾ കേട്ടത്. വളരെ ദുഃഖത്തോടെയാണ് വാഹനപ്രേമികൾ ഈ വാർത്ത ഉൾക്കൊണ്ടത്. എന്നാൽ ഇപ്പോഴിതാ സിയറ നിരത്തുകളിൽ തിരിച്ചെത്തിക്കാനൊരുങ്ങുകയാണ് ടാറ്റാ മോട്ടോഴ്‌സ്. ഒരു അൽപ്പം വ്യത്യസ്തമായിട്ടാണ് വാഹനം എത്തുന്നത്. പരമ്പരാഗത ഇന്ധനങ്ങളിൽ നിന്നും മാറ്റിപ്പിടിച്ച്‌ ഇലക്‌ട്രിക് കരുത്തിലാണ് സിയറയുടെ മടങ്ങി വരവ്.

2020 ഓട്ടോ എക്‌സ്‌പോയിൽ ടാറ്റാ സിയറ ഇവി കൺസെപ്റ്റ് നിർമ്മാതാക്കൾ പ്രദർശിപ്പിച്ചിരുന്നു. അധികം വൈകാതെ തന്നെ ഇത് യാഥാർഥ്യമാകുമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചത്. പഴയ മോഡലിന്റെ ചില കൈയൊപ്പുകൾ പുതിയ പതിപ്പിൽ ഉണ്ടായിരിക്കും. സിയറ ഇവിക്ക് നിർമ്മാണാനുമതി ലഭിച്ചുവെന്നും ടാറ്റ വെളിപ്പെടുത്തി.

ടാറ്റയുടെ ആൽഫ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നിർമ്മിച്ചിട്ടുള്ള സിഗ്മ പ്ലാറ്റ്‌ഫോമിലായിരിക്കും സിയറ ഇവി എത്തുന്നത്. ഒരു ആഡംബര വാഹനത്തിന്റെ ലുക്കാണ് സിയറക്ക് നൽകിയിരിക്കുന്നത്. നേർത്ത എൽഇഡി ഹെഡ്‌ലൈറ്റ്, ഡ്യുവൽ ടോൺ മസ്‌കുലർ ബമ്പർ, ബ്ലാക്ക് ക്ലാഡിങ്ങ് എന്നിവ വാഹനത്തിന്റെ മുൻവശത്തെ അലങ്കരിക്കുന്നു. ഡ്യുവൽ ടോൺ അലോയി വീലുകളും വാഹനത്തിനുണ്ട്. മറ്റ് സവിശേഷതകൾ വഴിയേ അറിയിക്കുമെന്നും നിർമ്മാതാക്കൾ പറയുന്നു. സിയറ ഇവി 2025ന് ശേഷം നിരത്തിലെത്തുമെന്നാണ് സൂചന. സിയറക്ക് അകമ്പടിയായി ആൽട്രോസ് ഇവി ഉൾപ്പെടെ മുൻപ് പ്രഖ്യാപിച്ച ഇലക്‌ട്രിക് വാഹനങ്ങൾ നിരത്തിൽ എത്തിയേക്കുമെന്ന് ടാറ്റാ അറിയിച്ചിട്ടുണ്ട്.

90കളിൽ ടാറ്റയിൽ നിന്ന് ആദ്യമായി എത്തിയ 3-ഡോർ എസ് യുവിയായിരുന്നു സിയറ. ഓഫ് റോഡ് ലക്ഷ്യമാക്കിയാണ് വാഹനം നിർമ്മിച്ചത്. ആദ്യമായി പുറത്തിറക്കിയ വാഹനത്തിൽ 2.0 ലിറ്റർ പ്യൂഷെ എക്‌സ്ഡി88 എഞ്ചിനാണ് നൽകിയിരുന്നത്.