വാഹനം എന്നാൽ ഇനിമുതൽ ഇലക്‌ട്രിക്കാണ്. നിർമാണ കമ്പനികൾക്ക് വരെ ഭാവി അതാണെന്നും മനസിലായി തുടങ്ങിയതിന്റെ ഫലമാണ് ഇപ്പോൾ ഇവിയിലേക്കുള്ള ഇന്ത്യൻ വാഹന വിപണിയുടെ കുതിച്ചുചാട്ടവും. കാർ മേഖല പൂർണമായും ഇതിനോട് യോജിച്ച് തുടങ്ങിയില്ലെങ്കിലും ഇരുചക്ര മോഡലുകളെല്ലാം ഇത് പ്രാവർത്തികമാക്കി കഴിഞ്ഞു.

ഇലക്ട്രിക് വാഹനങ്ങൾ മാത്രം നിരത്തുകൾ അടക്കിവാഴുന്ന കാലത്തിലേക്ക് അധികനാൾ കാത്തിരിക്കേണ്ടിയും വരില്ല. സീറോ എമിഷൻ വാഹനങ്ങൾ എന്ന ആശയം ശക്തമാകുകയും അന്തരീക്ഷ മലിനീകരണം കുറയ്ക്കാനുമാണ് കേന്ദ്ര സർക്കാരം നിർദ്ദേശിക്കുന്നതും. രാജ്യത്തെ ഇലക്ട്രിക് വാഹന വിൽപനയിൽ സമഗ്ര മാറ്റത്തിനു വഴി തെളിക്കുന്ന നീക്കങ്ങളും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുമുണ്ട്.

ഏഥർ തുടക്കമിട്ട ഇല്ട്രിക് ഇരുചക്ര വിപ്ലവത്തിന് മേമ്പൊടിയേകി നിരവധി മോഡലുകളാണ് ഇന്ന് അരങ്ങുവാഴുന്നത്. ഈ നിരയിലേക്ക് അടുത്തിടെ ഓലയും സിമ്പിൾ എനർജിയും കൈകോർത്തതോടെ മത്സരം കനത്തു. ഇന്ന് രാജ്യത്ത് വാങ്ങാൻ കഴിയുന്ന ഗുണനിലവാരവും വിലയും അടിസ്ഥാനമാക്കിയുള്ള മികച്ച ഇലക്ട്രിക് സ്കൂട്ടറുകളെ ഒന്നുപരിചയപ്പെട്ടാലോ? ഏഥർ 450X ഏഥറിർ 450 സ്കൂട്ടറിന്റെ പിൻഗാമിയായാണ് 450X മോഡൽ വിപണിയിലേക്ക് എത്തുന്നത്. മികച്ച നിർമാണ നിലവാരവും അത്യാധുനിക സാങ്കേതികതികവുമാണ് ബെംഗളൂരൂ ആസ്ഥാനമായുള്ള കമ്പനിയുടെ ഈ മോഡലിന്റെ പ്രധാന ആകർഷണീയത. 116 കിലോമീറ്റർ റേഞ്ച് അവകാശപ്പെടുന്ന ഏഥർ 450X ഇവിക്ക് 1.13 ലക്ഷം മുതൽ 1.32 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

3.3 kW/6 kW മോട്ടോറാണ് 450X ഇലക്‌ട്രിക് സ്കൂട്ടറിന് തുടിപ്പേകുന്നത്.ഇത് പരമാവധി 26 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 0 മുതൽ 40 കിലോമീറ്റർ വരെ വേഗത വെറും 3.3 സെക്കൻഡിനുള്ളിലും 0-60 കിലോമീറ്റർ വേഗത 6.5 സെക്കൻഡിനുള്ളിലും കൈവരിക്കാൻ ഏഥറിന്റെ ഈ മോഡൽ പ്രാപ്‌തമാണ്. സിമ്പിൾ വൺ ഓഗസ്റ്റ് 15-ന് വിപണിയിൽ എത്തിയ സിമ്പിൾ വൺ ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ എത്തുന്നതിനുമുമ്പു തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട മോഡലുകളിൽ ഒന്നായിരുന്നു. ഓല ഇവിയുടെ പ്രധാന എതിരാളിയായി കണക്കാക്കപ്പെടുന്ന ഇതിന് 1,09,999 രൂപയാണ് എക്സ്ഷോറൂം വില. ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് സിമ്പിൾ എനർജിയുടെ ഇ-സ്കൂട്ടറിന് ഇക്കോ മോഡിൽ ഒറ്റ ചാർജിൽ 236 കിലോമീറ്റർ റേഞ്ചാണ് നൽകാൻ കഴിയുക. ഈ ഒറ്റക്കാരണം മതി സിമ്പിളിനെ ഹമ്പിളാക്കാൻ. തുടക്കത്തിൽ 13 സംസ്ഥാനങ്ങളിൽ ഘട്ടം ഘട്ടമായി മോഡലിനെ വിൽപ്പനയ്ക്ക് എത്തിക്കാനാണ് കമ്പനിയുടെ തീരുമാനവും.

4.8 കിലോവാട്ട് ബാറ്ററി പായ്ക്കും 4.8 കിലോവാട്ട് മോട്ടോറുമാണ് സിമ്പിൾ വണ്ണിന്റെ ഹൃദയം. ബാറ്ററി വേർപെടുത്താവുന്നതും പോർട്ടബിൾ സ്വഭാവമുള്ളതുമാണ് എന്ന കാര്യം വളരെ ശ്രദ്ധേയമാണ്. സ്കൂട്ടറിന് 2.95 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാനും സാധിക്കും. ഓല ഇലക്ട്രിക് ഏറെ കാലമായി ഇന്ത്യൻ ഇരുചക്ര വാഹന വിപണി കാത്തിരുന്ന മോഡലുകളിൽ ഒന്നായിരുന്നു ഓല ഇലക്ട്രിക് സ്‌കൂട്ടറുകളെ. S1, S1 പ്രോ എന്നീ രണ്ട് വകഭേദങ്ങളിലാണ് ഇലക്ട്രിക് സ്കൂട്ടറുകൾ വിപണിയിൽ ഇടംപിടിച്ചിരിക്കുന്നത്. ഇവയ്ക്ക് യഥാക്രമം 99,999 രൂപയും 1,21,999 രൂപയുമാണ് എക്സ്ഷോറൂം വില. ഈ വിലയും താങ്ങാനാവാത്ത ഉപഭോക്താക്കൾക്കായി 2,999 രൂപയുടെ കുറഞ്ഞ ഇഎംഐ ഓപ്ഷനുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

ഓലയുടെ S1 പ്രോ ഇലക്ട്രിക് 181 കിലോമീറ്റർ റേഞ്ചാണ് വാഗ്‌ദാനം ചെയ്യുന്നത്. ഇതിന് 3 സെക്കൻഡിൽ 0-40 കിലോമീറ്റർ വേഗതയും 5 സെക്കൻഡിൽ 0-60 കിലോമീറ്റർ വേഗതയും കൈവരിക്കാൻ കഴിയും. പോർട്ടബിൾ 750W ചാർജർ ഉപയോഗിച്ച് ആറ് മണിക്കൂറിനുള്ളിൽ 100 ശതമാനം ചാർജ് നേടാനും ഹൈപ്പർചാർജിംഗ് നെറ്റ്‌വർക്ക് ഉപയോഗിച്ച് 18 മിനിറ്റിനുള്ളിൽ 50 ശതമാനമായി റീചാർജ് ചെയ്യാനും ഓല ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് കഴിയും. സംസ്ഥാന സബ്സിഡികൾ കണക്കിലെടുത്ത് ഡൽഹിയിലും ഗുജറാത്തിലും വില ആരംഭിക്കുന്നത് 85,099 രൂപയിൽ നിന്നാണ്.

ബജാജ് ചേതക് ഇലക്ട്രിക് രാജ്യത്തെ മുൻനിര ഇരുചക്ര വാഹന നിർമാതാക്കളായ ബജാജ് തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടറിനെ 2020 ജനുവരിയിലാണ് വിപണിയിൽ അവതരിപ്പിക്കുന്നത്. ഇതുവരെ രാജ്യത്തൊട്ടാകെ മോഡലിനായുള്ള വിൽപ്പന ആരംഭിക്കാൻ കമ്പനിക്ക് സാധിച്ചിട്ടില്ല എന്ന കാര്യം നിരാശാജനകമാണ്. നിലവിൽ തെരഞ്ഞെടുത്ത ഏതാനും നഗരങ്ങളിൽ മാത്രമാണ് ബജാജ് ചേതക് ഇലക്ട്രിക് ലഭ്യമാവുക. അർബേൻ, പ്രീമിയം വേരിയന്റുകളിൽ പരിചയപ്പെടുത്തിയിരിക്കുന്ന ഇവിക്ക് യഥാക്രമം 1.42 ലക്ഷം രൂപയും 1.44 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. ചേതക് ഇലക്ട്രിക്കിൽ 3.8 kW/4.1 kW ഇലക്ട്രിക് മോട്ടോറാണ് വാഗ്‌ദാനം ചെയ്യുന്നത്. ഇത് ലിഥിയം അയൺ ബാറ്ററി പാക്കുമായി ഇക്കോ മോഡിൽ 95 കിലോമീറ്റർ ശ്രേണി നൽകുമ്പോൾ സ്പോർട്ട് മോഡിൽ സ്കൂട്ടർ 85 കിലോമീറ്റർ റേഞ്ചും നൽകും. ഒരു പ്രീമിയം ഉൽപ്പന്നമായാണ് വിപണിയിൽ ചേതക് ഇലക്ട്രിക്കിനെ സ്ഥാപിച്ചിരിക്കുന്നത്. അതിനാൽ ഫെതർ ടച്ച് സ്വിച്ച് ഗിയർ, പൂർണ എൽഇഡി ലൈറ്റിംഗ്, ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ സവിശേഷതകളോടൊപ്പം ഉയർന്ന നിലവാരമുള്ള വസ്തുക്കളും കമ്പനി മോഡലിൽ സജ്ജീകരിച്ചിട്ടുണ്ട്.

ടിവിഎസ് ഐക്യൂബ് ബജാജ് ചേതക് ഇലക്ട്രിക് പുറത്തിറക്കി ദിവസങ്ങൾക്കുള്ളിലാണ് കഴിഞ്ഞ ജനുവരി 25 ന് ടിവിഎസ് ഐക്യൂബ് സ്കൂട്ടറിനെ വിപണിയിൽ പരിചയപ്പെടുത്തുന്നത്. 4.4 കിലോവാട്ട് ഇലക്ട്രിക് മോട്ടോറുമായാണ് ടിവിഎസിന്റെ ആദ്യത്തെ ഇലക്ട്രിക് സ്കൂട്ടർ കളംപിടിച്ചത്. കണക്റ്റുചെയ്‌ത സാങ്കേതികവിദ്യയുള്ള ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ പോലുള്ള സവിശേഷതകളാണ് മോഡലിന്റെ പ്രധാന പ്രത്യേകതകൾ. ഐക്യൂബിന് 75 കിലോമീറ്റർ റേഞ്ച് മാത്രമാണുള്ളത്. വെറും 4.2 സെക്കൻഡിൽ 0 മുതൽ 40 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാകുമെന്നും ടിവിഎസ് അവകാശപ്പെടുന്നു. 1.15 ലക്ഷം രൂപയാണ് ടിവിഎസിന്റെ ഇലക്ട്രിക് വാഹനത്തിനായി മുടക്കേണ്ട എക്സ്ഷോറൂം വില.