രൂപയുടെ മൂല്യം ഇടിയുന്നു; കാറുകൾക്ക് രണ്ടുമുതൽ 12 ലക്ഷംവരെ വില വർധിപ്പിക്കുമെന്ന് മെഴ്സിഡസ് ബെൻസ്

Advertisement

മൂന്നുമാസത്തിനിടെ രണ്ടാമത്തെ വില വർധനവ് പ്രഖ്യാപിച്ച് ആഡംബര കാർ നിർമാതാക്കളായ മെഴ്സിഡസ് ബെൻസ്. രണ്ട് ലക്ഷം മുതൽ 12 ലക്ഷംവരെയാണ് ഇത്തവണ വാഹനങ്ങളുടെ വിലവർധിക്കുക. ഏപ്രിൽ ഒന്നുമുതൽ വർധനവ് പ്രാബല്യത്തിൽവരും. യൂറോക്കെതിരേ രൂപയുടെ വില ഇടിഞ്ഞതാണ് വർധനവിനുള്ള പ്രധാന കാരണമായി കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്.

പുതിയ വർധനവ് നിലവിൽ വരുമ്പോൾ വാഹനവിലയുടെ അഞ്ച് ശതമാനം എക്സ് ഷോറൂം പ്രൈസ് വർധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ‘ഒക്ടോബറിൽ യൂറോയുടെ രൂപയെ അപേക്ഷിച്ചുള്ള മൂല്യം 78-79 രൂപ വരെ ആയിരുന്നു. ഇപ്പോൾ അത് 87 ൽ എത്തി. ഇത് ശരിക്കും ഞങ്ങളെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. ഇപ്പോൾ ഇത്തരമൊരു നടപടി സ്വീകരിച്ചില്ലെങ്കിൽ അത് ഇന്ത്യയിലെ ഞങ്ങളുടെ മൊത്തത്തിലുള്ള ബിസിനസ്സ് മോഡലിനെ ബാധിക്കും’-മെഴ്‌സിഡസ് ബെൻസ് ഇന്ത്യ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ സന്തോഷ് അയ്യർ പറഞ്ഞു.

ഏപ്രിൽ മുതൽ, കമ്പനിയുടെ ഏറ്റവും വില കുറഞ്ഞ എ-ക്ലാസ് ലിമോസിനും ജി.എൽ.എ എസ്‌.യു.വിക്കും 2 ലക്ഷം രൂപയും എസ് 350d ലിമോസിന് ഏഴ് ലക്ഷവും ഏറ്റവും ഉയർന്ന മേബാ S 580ന് 12 ലക്ഷം രൂപയും വർധിക്കും. രൂപയുടെ മൂല്യത്തകർച്ചയ്ക്ക് പുറമെ, ലോജിസ്റ്റിക്‌സ് ഉൾപ്പെടെയുള്ള ഇൻപുട്ട് ചെലവുകളിൽ വർധനവുണ്ടായിട്ടു​ണ്ടെന്നും ഇത് കമ്പനിയുടെ മൊത്തത്തിലുള്ള പ്രവർത്തനച്ചെലവിൽ കാര്യമായ വർധനവ് വരുത്തിയതായും മെഴ്‌സിഡസ്-ബെൻസ് ഇന്ത്യ അധികൃതർ പറഞ്ഞു.

Advertisement