മുംബൈ: ഇന്ത്യൻ നിരത്തുകളിൽ പുത്തൻ മാറ്റത്തിന് തുടക്കമിടുകയാണ് എംജി മോട്ടോഴ്സ്. പുതിയൊരു മൊബിലിറ്റി സെലൂഷനായിരിക്കും എം.ജിയുടെ അടുത്ത മോഡൽ. എന്നാൽ, ഇതൊരു സാധാരണ വാഹനമോ, മുൻനിര മോഡലോ ആയിരിക്കില്ല.

പുതുതലമുറ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഇത് ഒരുക്കുന്നത്. പുതുതായി എത്തുന്ന വാഹനത്തെ ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരും ഉണ്ടാകുമെന്നും അറിയാം.

എം.ജി. മോട്ടോഴ്‌സിന്റെ ഒരു കുഞ്ഞൻ ഇലക്ട്രിക് വാഹനം പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇൻഡൊനീഷ്യയിൽ പ്രദർശിപ്പിച്ച വൂലിങ്ങ് എയർ ഇ.വിയെ അടിസ്ഥാനമാക്കി എം.ജി. മോട്ടോഴ്‌സ് നിർമിക്കുന്ന ഇലക്ട്രിക് വാഹനമായിരുന്നു ഇതെന്നായിരുന്നു വിലയിരുത്തലുകൾ. ഗ്ലോബൽ സ്മോൾ ഇലക്ട്രിക് വെഹിക്കിൾ പ്ലാറ്റ്ഫോമിലായിരിക്കും എം.ജിയുടെ കുഞ്ഞൻ ഇലക്ട്രിക് വാഹനം ഇന്ത്യൻ നിരത്തുകളിൽ എത്തിക്കുകയെന്നാണ് പുതിയ റിപ്പോർട്ടുകൾ.

ഇ230 എന്ന കോഡ്‌നെയിമിൽ ഇലക്ട്രിക് വാഹനം ഒരുങ്ങുമെന്നായിരുന്നു മുൻ റിപ്പോർട്ടുകൾ. വൂലിങ്ങ് എയർ ഇ.വിയെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നതെങ്കിലും ഇന്ത്യയുടെ ഡ്രൈവിങ്ങ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന മാറ്റങ്ങൾ ഈ വാഹനത്തിൽ വരുത്തിയായിരിക്കും എം.ജി. മോട്ടോഴ്‌സ് ഒരുക്കുക. ടു ഡോർ ബോഡി സ്‌റ്റൈലിലാണ് ഇ230 ഒരുങ്ങുന്നത്. 12 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകളായിരിക്കും എം.ജിയുടെ കുഞ്ഞൻ ഇലക്ട്രിക് മോഡലിൽ സ്ഥാനം പിടിക്കുന്നത്.

മുമ്പ് പുറത്തുവന്ന റിപ്പോർട്ട് അനുസരിച്ച് 39 ബി.എച്ച്.പി. ഇലക്ട്രിക് മോട്ടോറും 20-25 കിലോവാട്ട് അവർ ബാറ്ററി പാക്കുമായിരിക്കും എം.ജിയുടെ കുഞ്ഞൻ ഇലക്ട്രിക് വാഹനത്തിന് കരുത്തേകുന്നത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 150 കിലോമീറ്റർ സഞ്ചരിക്കാനുള്ള ശേഷിയായിരിക്കും ഈ വാഹനത്തിൽ ഒരുങ്ങുക. ടാറ്റ ഓട്ടോകോമ്പോയിൽ നിന്നായിരിക്കും ഈ വാഹനത്തിനുള്ള ബാറ്ററി ഒരുങ്ങുക. പത്ത് ലക്ഷം രൂപയിൽ താഴെ വിലയിൽ ലഭ്യമാക്കാനാണ് നിർമാതാക്കളുടെ ലക്ഷ്യമെന്നും അഭ്യൂഹങ്ങളുണ്ട്.

ഫീച്ചറുകളുടെ കാര്യത്തിലും ഈ വാഹനം ഒട്ടും പിന്നിലായിരിക്കില്ല. എം.ജി. ഇന്ത്യയിൽ എത്തിച്ചിട്ടുള്ള മറ്റ് മോഡലുകൾക്ക് സമാനമായി സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായുള്ള ഫീച്ചറുകൾ ഇതിലും സ്ഥാനം പിടിക്കും. ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്ററുകളും ഈ വാഹനത്തിന്റെ അകത്തളത്തിൽ പ്രതീക്ഷിക്കാം. പ്രധാനമായും രണ്ടുപേർക്ക് യാത്രയ്ക്ക് ഉദ്ദേശിച്ചാണ് ഈ വാഹനം ഒരുങ്ങുന്നത്. എന്നാൽ, പിൻനിരയിലും ചെറിയ സീറ്റുകൾ നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here