എതിരാളികളെ ഷോക്കടിപ്പിച്ചാണ് എപ്പോഴും മഹീന്ദ്രയുടെ എന്‍ട്രി. മഹീന്ദ്ര ഇലക്ട്രിക് എസ്‌യുവി 400. പുതിയ എസ്‌യുവിയുമായി മഹീന്ദ്ര എത്തുന്നതോടെ ഇലക്ട്രിക് വാഹന വിപണിയില്‍ മത്സരം പൊടിപാറുമെന്ന സൂചനയാണു വരുന്നത്..

ഇവി വിപണി കുറേയൊക്കെ പിടിച്ചെടുത്തെന്നു പറയാവുന്ന നെക്‌സോണിന്റെ ഇലക്ട്രിക് പതിപ്പിനോട് നേരിട്ട് മുട്ടാന്‍ ഒരുങ്ങിയിരിക്കുകയാണ് മഹീന്ദ്ര. എക്‌സ്യുവി 300-ന്റെ ഇലക്ട്രിക് പതിപ്പാണ് എക്‌സ്യുവി 400. റിപ്പോര്‍ട്ടുകള്‍ പ്രകാരം വാഹനം സെപ്റ്റംബര്‍ 6-ന് പുറത്തിറങ്ങും.

2020 ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ഇ എക്സ്യുവി 300-ന്റെ പ്രൊഡക്ഷന്‍ പതിപ്പായിരിക്കും പുതിയ വാഹനം. എക്‌സ്യുവി 300-ന് സമാനമായ ഹെഡ്ലൈറ്റ് ഡിസൈനും ബൂമറാംഗ് ആകൃതിയിലുള്ള LED DRL-കളുമാണ് പുതിയ എസ്‌യുവി 400 ഇവിയ്ക്ക്. X100 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി, എല്‍ജി കെമില്‍ നിന്ന് ഉത്ഭവിച്ച ഉയര്‍ന്ന ഊര്‍ജ്ജ സാന്ദ്രമായ NMC ബാറ്ററിയായിരിക്കും മഹീന്ദ്ര XUV400-ന് നല്‍കുന്നത്. NMC സെല്ലുകള്‍ നെക്‌സോണ്‍ ഇവി പ്രൈം, ഇവി മാക്‌സ് എന്നിവയില്‍ കാണപ്പെടുന്ന സിലിണ്ടര്‍ LFP സെല്ലുകളേക്കാള്‍ മികച്ചതാണ്.

BE, XUV എന്നിങ്ങനെ രണ്ട് വ്യത്യസ്ത ബ്രാന്‍ഡുകള്‍ക്ക് കീഴില്‍ പുതിയ അഞ്ച് ഇലക്ട്രിക് എസ്യുവികള്‍ മഹീന്ദ്ര പ്രഖ്യപിച്ചിട്ടുണ്ട്. ഈ BE, XUV ഇലക്ട്രിക് എസ്യുവികള്‍ അടിസ്ഥാനമാക്കിയുള്ള INGLO പ്ലാറ്റ്ഫോം പ്രഖ്യാപിച്ചതോടെ ഫോക്സ്വാഗണില്‍ നിന്ന് ലഭിച്ച LFP സെല്ലുകള്‍ മഹീന്ദ്രയ്ക്ക് ലഭിച്ചിട്ടുണ്ട്. മഹീന്ദ്ര എന്‍എംസി സെല്ലുകളില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍, XUV400 ഇലക്ട്രിക് കൂടുതല്‍ ശക്തവും ടാറ്റയുടെ EV-കളേക്കാള്‍ ദൈര്‍ഘ്യമേറിയതും ആയിരിക്കും. ഫലത്തില്‍ ഒറ്റ ചാര്‍ജില്‍ നിന്ന് ഏകദേശം 150 bhp കരുത്തും 400 km റേഞ്ചും എസ്‌യുവി 400 ലഭിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

പുതിയ വാഹനത്തിന് മഹീന്ദ്ര നല്‍കുക 4.2 മീറ്റര്‍ നീളമായിരിക്കും. എക്‌സ്യുവി 300-ന് സമാനമായ ഹെഡ്‌ലാംമ്ബ് കണ്‍സോള്‍, ഗ്രില്‍, ടെയില്‍ ലാംമ്ബ് എന്നിവയുണ്ടാകും. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനും വാഹനത്തിന് ലഭിച്ചേക്കും. കൂടാതെ വലിയ ടച്ച് സ്‌ക്രീന്‍, എക്‌സ്യുവി 700-ന് സമാനമായ ഡ്രൈവര്‍ അസിസ്റ്റ് ഫീച്ചറുകള്‍ എന്നിവയും XUV400 നല്‍കുമെന്ന് പ്രതീക്ഷിക്കാം. എന്തായാലും വരുംകാലം വൈദ്യുതിയുടേതാണെന്ന കാഴ്ചപ്പാടിലാണ് ഇന്ത്യന്‍ ഭരണകൂടം. പ്രോല്‍സാഹനം നല്‍കുന്ന വാര്‍ത്തകളാണ് എല്ലായിടവും ഉള്ളത്.